ദേശീയപാത 766-ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെപിസിസി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ വയനാട്ടിലെ സമരപന്തലിൽ എത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിചാരിച്ചാൽ തീർക്കാനാകാത്ത പ്രശ്നം അല്ല വയനാട്ടിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ബന്ദിപ്പൂർ വനത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത 766 പൂർണ്ണമായും അടക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ സമരം ശക്തമാവുന്നതിനിടെയാണ് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ വയനാട്ടിലെത്തിയത്. 17 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമല സന്ദർശിച്ച ശേഷം വി.എം സുധീരൻ ബത്തേരിയിലെ നിരാഹാര സമരപന്തലിൽ എത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിചാരിച്ചാൽ തീർക്കാനാകാത്ത പ്രശ്നം അല്ല വയനാട്ടിൽ ഉള്ളതെന്ന് വി.എം സുധീരൻ പറഞ്ഞു. എലിവേറ്റഡ് ഹൈവേ രാജ്യത്തു പലയിടത്തും പ്രവർത്തികമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികമായി തടസ്സങ്ങൾ ഉണ്ടാക്കി പ്രശ്നം സങ്കീർണ്ണമാക്കുക എന്നതല്ല, പരിസ്ഥിതി വിദഗ്ധരുമായി ചർച്ച ചെയ്ത് ജനങ്ങളുടെ സമരത്തിന് രമ്യമായ പരിഹാരം ഉണ്ടാവണം എന്നും സുധീരൻ ആവശ്യപ്പെട്ടു. കേരള കർണാടക സർക്കാറുകൾ യോജിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിചാരിച്ചാൽ സാമ്പത്തികം ഒരു പ്രശ്നമല്ലന്നും വി.എം സുധീരൻ കൂട്ടിചേർത്തു.