നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം; നടപടി നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന്

നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്‌സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിർണ്ണായക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിരുന്നു.

ഇതേക്കുറിച്ച് കേന്ദ്ര – ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം നടത്തി വരികയാണ്. സോഷ്യല്‍മീഡിയ വഴിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.

indian navy
Comments (0)
Add Comment