ആണവക്കരാർ വിഷയത്തിൽ ഇടഞ്ഞ റഷ്യ-അമേരിക്ക ബന്ധത്തിൽ മഞ്ഞുരുകുന്നതായി സൂചന. ഇരു രാഷ്ട്രത്തലവന്മാരും പാരീസിൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്
റഷ്യയുമായുള്ള ആണവ കരാറിൽനിന്നു യുഎസ് പിൻമാറാനുള്ള തീരുമാനത്തിൽ തർക്കം നിലനിൽക്കെ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നവംബർ രണ്ടാം വാരം പാരീസിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഒന്നാംലോക മഹായുദ്ധത്തിന് അറുതിവരുത്തിയതിൻറെ നൂറാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. റഷ്യൻ സന്ദർശനത്തിനെത്തിയ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. ശീതയുദ്ധകാലത്തുള്ള ആണവ കരാറിൽനിന്നുള്ള യുഎസ് പിൻമാറ്റം ലോക സുരക്ഷയ്ക്കുതന്നെ വൻ ഭീഷണിയാകുമെന്ന് റഷ്യ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.