ഉന്നത വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകളില്‍ അടിയന്തര ഇടപെടല്‍ വേണം: ഗവർണറെ കണ്ട് കെഎസ്‌യു സംഘം; നിവേദനം സമർപ്പിച്ചു

Jaihind Webdesk
Wednesday, June 21, 2023

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജരേഖ ചമയ്ക്കൽ തട്ടിപ്പുകളിൽ ഗവർണറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  കെഎസ്‌യു. ഗവർണറെ സന്ദശിച്ച് കെഎസ്‌യു പ്രതിനിധികൾ നിവേദനം നൽകി.

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോം അഡ്മിഷൻ നേടിയ എംഎസ്എം കോളേജ് വിദ്യാർത്ഥി നിഖിൽ തോമസ്, വ്യാജ സർട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലി നേടിയ കെ. വിദ്യ, പരീക്ഷ എഴുതാതെ പാസാകുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ, കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യുയുസി ആൾമാറാട്ടം തുടങ്ങിയ വിഷയങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണെന്ന് കെഎസ്‌യു പ്രതിനിധികള്‍ ഗവർണറെ ധരിപ്പിച്ചു.

ഭരണ സ്വാധീനം ഉപയോഗിച്ച് സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതാക്കളും എസ്എഫ്ഐക്ക് വേണ്ടി നടത്തുന്ന മാഫിയ പ്രവർത്തനങ്ങൾ കേരളത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുടെയും ഗവൺമെന്‍റ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും നിയമനങ്ങളുടെ സ്തംഭനാവസ്ഥയിലും കെഎസ്‌യു സംഘം ഗവർണറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി, കെഎസ്‌യു സംഘം സംസ്ഥാന കൺവീനവർമാരായ ജെസ്വിൻ റോയ്, അബ്ബാദ് ലുത്ഫി, അതുല്യ ജയാനന്ദ്, രോഹിത് ഗോവിന്ദ് എന്നിവരാണ് ഗവർണറെ കണ്ട് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്.