ബി.ജെ.പിയോട് ഇടഞ്ഞ് ജാതിസംഘടനകള്‍; ഇനി വോട്ട് ചോദിച്ച് വരേണ്ടെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Saturday, September 22, 2018

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരെ സമുദായ സംഘടനകള്‍. വോട്ട് ചോദിച്ച് ഇനി വരേണ്ടെന്ന് ഓള്‍ ഇന്ത്യ ബ്രാഹ്മിണ്‍ മഹാസഭ ഉള്‍പ്പെടെയുള്ള 38 സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

SC/ST നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഭേദഗതിയാണ് അതൃപ്തിക്ക് കാരണം. ഭേദഗതിക്കെതിരെ ബ്രാഹ്മിണ്‍ മഹാസഭയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ലക്നൌവിലെ ഹസ്രത്ജംഗില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള സംഘടനകളുടെ നിലപാട് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുനയശ്രമങ്ങള്‍ക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്ക്കെതിരായ സുപ്രീം കോടതി വിധി മറികടക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയതാണ് സംഘടനകളെ പ്രകോപ്പിച്ചത്.

നിയമ ഭേദഗതി പിന്‍വലിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. കൂടാതെ നിലവിലെ പിന്നാക്ക കമ്മീഷന്‍, വനിതാ കമ്മീഷന്‍, ദളിത് കമ്മീഷന്‍ എന്നിവപോലെ  തങ്ങളുടെ സംരക്ഷണത്തിനായി സവര്‍ണ്ണ കമ്മീഷന്‍ ആരംഭിക്കണമെന്നും ബ്രാഹ്മിണ്‍ മഹാസഭ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി ആവശ്യപ്പെട്ടു. ബി.ജെ.പി രാജ്യത്തെ 85 ശതമാനം ജനങ്ങളെ വഞ്ചിച്ചതായും ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പിയുടെ പതനം പൂര്‍ത്തിയാകും വരെ പ്രക്ഷോഭം തുടരുമെന്നും തിവാരി വ്യക്തമാക്കി. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെയുംതിവാരി നിശിതമായി വിമര്‍ശിച്ചു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ മനസിലാക്കാന്‍ കഴിവില്ലാത്ത ഭാഗവതിന്‍റെ മാനസികനില പരിശോധിക്കണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്. ജാതിസംഘടകളുടെ പ്രതിഷേധത്തിനിടെ വോട്ട് ചോദിച്ച് വരേണ്ടെന്ന ബാനറുകളും ഉയര്‍ത്തിയിരുന്നു.