ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. യോഗി സർക്കാര്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്ന തിരക്കിലാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഉന്നാവോയില്‍ മാത്രം കഴിഞ്ഞ 11 മാസത്തിനിടെ 90 ഓളം ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.
‘ക്രമസമാധാന പാലനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ 11 മാസത്തിനിടെ ഉന്നാവോയിൽ 90 ഓളം ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മെയ്ൻപുരിയിലും സംഭാലിലും നടന്ന സംഭവങ്ങള്‍ ഭയാനകമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന തിരക്കിലാണ് യോഗി സർക്കാർ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഹെൽപ്പ് ലൈൻ രൂപീകരിക്കാന്‍ മുഖ്യമന്തി തയാറാകണം’ – പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഉന്നാവോ കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര് ഇട്ടത് നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രധാന പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. നിർഭയ കേസിന് ശേഷം കർശനമായ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു. സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടത് അനിവാര്യതയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലക്നൌവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്കാ ഗാന്ധി.