കേരളം മുടിക്കുന്ന സര്‍ക്കാര്‍; ഖജനാവില്‍ പണമില്ലെങ്കിലും ഇ.എം.എസിന് സ്മാരകം ഒരുക്കാന്‍ ഒരുകോടി

Jaihind Webdesk
Wednesday, November 27, 2019

തിരുവനന്തപുരം: കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് ഏറ്റവും ധനപ്രതിസന്ധി നേരിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എങ്കിലും ധൂര്‍ത്തിന് ഒരു കുറവും വരുത്താതെ സര്‍ക്കാര്‍. നിയമസഭാ മ്യൂസിയത്തില്‍ ഇ.എം.എസ് സ്മൃതി വിഭാഗം സജ്ജീകരിക്കുന്നതിനായി 82,56,377 (എണ്‍പത്തി രണ്ട് ലക്ഷത്തി അന്‍പത്തി ആറായിരത്തി മുന്നൂറ്റി എഴുപത്തിയേഴ് രൂപ) അനുവദിച്ച് ഉത്തരവായിരിക്കുകയാണ്.

നിയമസഭയിൽ ലക്ഷങ്ങൾ മുടക്കി ലോക കേരള സഭാ സമ്മേളനത്തിനായുള്ള മോടിപിടിപ്പിക്കൽ തുടരുന്നതിനിടെയാണ് പുതിയ വിവാദ നീക്കം. നിയമ സഭാ മ്യൂസിയത്തിൽ ഇ എം എസ് സ്മൃതി വിഭാഗം സജ്ജീകരിക്കാൻ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. അഡീഷനൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എൺപത്തി രണ്ട് ലക്ഷത്തി അൻമ്പത്തി ആറായിരത്തി മൂന്നൂറ്റി എഴുപത്തി ഏഴ് രൂപയാണ് ഇതിനായി ചെലവഴിക്കുക. നിയമസഭാ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. മുൻപ് നിയമസഭ സമുച്ചയത്തിലെ താഴെത്തെ നിലയിലുള്ള മെമ്പേഴ്‌സ് ലോഞ്ചിനെ പൂര്‍ണമായും പൊളിച്ച് ആധുനിക ഓഡിറ്റോറിയമാക്കാൻ സംസ്ഥാനം പതിനാറ് കോടി രൂപ വകയിരുത്തിയിരുന്നു. ഇതിനായി ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന ആക്ഷേപവും ഉയർന്നു. കൂടാതെ നിയമസഭ കടലാസ് രഹിതമാക്കുന്ന 52 കോടിയുടെ നവീകരണ പദ്ധതി ഒരുവശത്ത് നടക്കുന്നതിനിടെയാണ് വീണ്ടും ധൂർത്ത് ആവർത്തിക്കുന്നത്. പദ്ധതികൾ ടെൻഡർ പോലും വിളിക്കാതെ ഊരളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ വരുമാനത്തില്‍ വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്. ട്രഷറിയില്‍ കനത്ത നിയന്ത്രണങ്ങളാണ് ധനവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈമാസം സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. രണ്ടുദിവസം ഓവര്‍ ഡ്രാഫ്റ്റിലായി പദ്ധതി ചെലവും അനാവശ്യ ചെലവും നിയന്ത്രിച്ച് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് മാത്രമല്ല പുതിയ ചെലവുകള്‍ കണ്ടെത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന വന്‍ ഉദ്യോഗസ്ഥ സംഘം നീണ്ട വിദേശയാത്രയിലാണ്. കൂടാതെയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പിണറായി വിജയനെ പുകഴ്ത്താന്‍ 25 അംഗ സംഘത്തെ നിയമിക്കുന്നത്. 41 ലക്ഷം രൂപയാണ് ഈ സംഘത്തിന്റെ ഒരുമാസത്തെ ചിലവ്.

പിണറായി അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം ശരാശരി 25 ആണ്. രണ്ടുവര്‍ഷം പേഴ്സണല്‍ സ്റ്റാഫില്‍ ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷന്‍. രണ്ടുവര്‍ഷം കഴിയുമ്പോള്‍ സ്റ്റാഫിനെമാറ്റി പുതിയവരെ നിയമിച്ച മന്ത്രിമാരുണ്ട്. അനുയായികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണത്. രണ്ടുവര്‍ഷം ജോലിചെയ്താല്‍ പാര്‍ട്ടിക്കാര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ ഉറപ്പാക്കി ഖജനാവിനെ മുടിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍.
ഏഴ് കൊലക്കേസുകള്‍ സി.ബി.ഐ.ക്ക് വിടാതിരിക്കാന്‍ ഇറക്കുമതി ചെയ്ത അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ ചെലവിട്ടത് 64 ലക്ഷം. ഏഴില്‍ നാലും സി.പി.എം. പ്രതിക്കൂട്ടിലായ കേസുകള്‍. ഓരോ സിറ്റിങ്ങിനും ഫീസ് 15 ലക്ഷം. സര്‍ക്കാരിന്റെ കേസുകളില്‍ ഹാജരാകുകയാണ് അഡ്വക്കേറ്റ് ജനറലിന്റെ ജോലി. അദ്ദേഹത്തിന്റെ കീഴില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വക്കീല്‍പ്പട തന്നെയുണ്ട്. അതൊന്നും പോരാഞ്ഞിട്ടാണ് ഇറക്കുമതി.