വാഹനപകടത്തില്‍ പരിക്കേറ്റ ഉന്നാവോ പെൺകുട്ടിയുടെ ചികിത്സ ലഖ്‌നൗവിൽ തുടരും; ഉത്തരവ് പെൺകുട്ടിയുടെ കടുംബത്തിന്‍റെ ആവശ്യം പരിഗണിച്ച്

Jaihind News Bureau
Friday, August 2, 2019

Unnao-Rape-Case-SC

വാഹനപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ ചികിത്സ ലഖ്‌നൗവിൽ തുടരും. പെൺകുട്ടിയുടെ കടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാൽ എയിംസിലേക്ക് എയർലിഫ്റ്റ് ചെയ്യാനാകില്ല. ചികിൽസ ലക്‌നൗവിൽതന്നെ തുടരണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ഉന്നാവോ കേസ് തത്കാലം ലഖ്‌നൗ കോടതിയിൽ തന്നെ തുടരും. വാഹനാപകട കേസിൽ കുൽദീപ് സിങ്ങ് സെൻഗാറിനെ കസ്റ്റഡിയിൽ വെണമെന്നും സിബിഐ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ അമ്മാവനെ റായ് ബറേലി ജയിലിൽ നിന്നും തീഹാർ ജയിലിലേക്ക് മാറ്റാൻ കോടതി നിർദേശം നൽകി.

ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വെന്‍റിലേറ്ററില്‍ തുടരുന്ന പെണ്‍കുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അമ്മ വിസമ്മതിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരുന്ന സാഹചര്യത്തിലാണിത്. നിലവില്‍ ഇവിടെ നിന്ന് തന്നെ പരമാവധി ചികിത്സ ലഭ്യമാകുന്നുണ്ട്. അതില്‍ തങ്ങള്‍ തൃപ്തരാണെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. അപകടം പറ്റിയത് മുതല്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണെന്നും നേരിയ പുരോഗതിയെങ്കിലും ദൃശ്യമായാല്‍ മാറ്റമെന്നും കുടുംബം അറിയിച്ചു.

കുടുംബവുമായി ആലോചിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റാവുന്നതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിമാനമാര്‍ഗം പെണ്‍കുട്ടിയേയും ഒപ്പം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഭിഭാഷകനേയും ഡല്‍ഹില്‍ എത്തിക്കുന്നതിനുള്ള സാധ്യതകളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാഞ്ഞിരുന്നത്.

ബലാത്സംഗവുമായി ബന്ധപ്പെട്ട അഞ്ചു കേസുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടിരുന്നു.
പെണ്‍കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ യുപി സര്‍ക്കാരിനോട് നല്‍കാനും പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫിനോട് സുരക്ഷയൊരുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് സിആര്‍പിഎഫ് സുരക്ഷാ ചുമത ഏറ്റെടുത്തു. 25 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് ജില്ലാ കളക്ടർ നേരിട്ടെത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറി. പെൺകുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവുമാണ് അടിയന്തിര സഹായമായി നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്.