ഞാനൊരു സസ്യഭുക്കല്ലേ… ഉള്ളിവിലയെക്കുറിച്ച് ഞാനെങ്ങനെ അറിയാനാണ് ! രമണന്‍ ട്രോളേറ്റ് മറ്റൊരു കേന്ദ്ര മന്ത്രി

Thursday, December 5, 2019

രാജ്യത്ത് ഉള്ളിവില കുതിച്ചുകയറുന്നതിനിടെ ചിരിക്ക് വഴിയൊരുക്കുകയാണ് മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വിചിത്ര പ്രതികരണങ്ങള്‍. ഉള്ളിവില സംബന്ധിച്ച് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രതികരണത്തിന്‍റെ അലയൊലികള്‍ അടങ്ങും മുമ്പാണ് വിചിത്ര വിശദീകരണവുമായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ രംഗത്തെത്തിയത്.

‘ഞാനൊരു സസ്യഭുക്കാണ്. ഞാനിന്നുവരെ ഉള്ളികഴിച്ചിട്ടില്ല… എന്നേപ്പോലൊരാള്‍ ഉള്ളിവിലയെക്കുറിച്ച് എങ്ങനെ അറിയാനാണ്? ‘ – അശ്വിനി കുമാര്‍ ചൗബേ ചോദിക്കുന്നു.

ഏറെക്കുറെ സമാനമായ പ്രസ്താവനയായിരുന്നു ഇന്നലെ ധനമന്ത്രി നിർമല സീതാരാമനും നടത്തിയത്. ലോക്സഭയിലായിരുന്നു നിർമല സീതാരാമന്‍റെ മറുപടി. താന്‍ ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കാറില്ലെന്നും ഉള്ളി അധികം ഉപയോഗിക്കാത്ത കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നുമായിരുന്നു നിർമല സീതാരാമന്‍റെ മറുപടി. എന്‍.സി.പി നേതാവ് സുപ്രിയ സുലേയുടെ ഉള്ളിവില സംബന്ധിച്ച ചോദ്യത്തിനായിരുന്നു ധനമന്ത്രിയുടെ മറുപടി.

അതേസമയം പഞ്ചാബി ഹൗസ് എന്ന സിനിമയിലെ ഹരിശ്രീ അശോകന്‍റെ കഥാപാത്രമായ രമണനെ ഓർമിപ്പിക്കുന്നതാണ് കേന്ദ്രമന്ത്രിമാരുടെ മറുപടിയെന്ന തരത്തില്‍ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ‘ഞാന്‍ ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ എനിക്ക് ഹിന്ദി അറിയാനും പാടില്ല’ എന്ന ഡയലോഗ് ഉപയോഗിച്ചാണ് ട്രോളുകള്‍.