ഇന്ത്യക്കാരെ യുക്രെയ്ൻ സേന ബന്ദികളാക്കുന്നുവെന്ന റഷ്യന്‍ വാദം ഇന്ത്യ തള്ളി

Jaihind Webdesk
Thursday, March 3, 2022


കീവ്: യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തടസം നില്‍ക്കുന്നത് യുക്രെയ്നാണെന്നും വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ യുക്രെയ്ന്‍ സേന മനുഷ്യകവചമാക്കി നിര്‍ത്തുകയാണെന്നും  റഷ്യന്‍ പ്രതിരോധ മന്ത്രാലയം  ആരോപിച്ചു.

യുക്രെയ്ന്‍ വിട്ട് റഷ്യയിലെ ബെല്‍ഗോറോഡിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഖാര്‍കിവില്‍ യുക്രെയ്ൻ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം മനുഷ്യകവചമായി നിർത്തുന്നുവെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് റഷ്യന്‍ സൈനിക വക്താവ് പറഞ്ഞു.

എന്നാല്‍ ആരോപണം  ഇന്ത്യ നിഷേധിച്ചു. ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചില്ലെന്നും  യുക്രെയ്ന്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.