നിപ : താൽക്കാലിക ജീവനക്കാർ നടത്തുന്ന നിരാഹാര സമരം പുതിയ തലത്തിലേക്ക്; ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി യുഡിഫ്

Jaihind Webdesk
Wednesday, May 29, 2019

നിപ പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്ത താൽക്കാലിക ജീവനക്കാർ നടത്തുന്ന നിരാഹാര സമരം പുതിയ തലത്തിലേക്ക്. സമരം ബഹുജന പ്രക്ഷോഭമാക്കാൻ യുഡിഫ് ഒരുങ്ങുന്നു. വരുംദിവസങ്ങളിൽ നിരവധി യുഡിഫ് നേതാക്കൾ സമരപന്തലിൽ എത്തും.

കോഴിക്കോടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ വൈറസ് ബാധ ഒരു വർഷം പിന്നിടുമ്പോഴും സ്വന്തം ജീവൻ പോലും അവഗണിച്ചു രോഗികൾക്കായി പ്രവർത്തിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിൽ. അനുമോദിക്കാൻ ചടങ്ങും വാഗ്ദാനങ്ങളും നിരവധി ഉണ്ടായെങ്കിലും അതിനപ്പുറത്തേക്ക് ആ പരിഗണന ഉണ്ടായില്ല. സ്ഥിരം ജോലി ലഭിക്കുന്നത് വരെ ആരോഗ്യ വകുപ്പിന്‍റെ അനുബന്ധ സ്ഥാപനങ്ങളിൽ താത്കാലിക ജോലി നൽകാമെന്ന വാഗ്ദാനം പോലും പാലിക്കപ്പെട്ടില്ല. ഇതോടെ 42 ജീവനക്കാരുടെ പ്രതിനിധിയായി രജീഷ് എന്ന തൊഴിലാളി നിരാഹാര സമരത്തിന് ഒരുങ്ങുകയായിരുന്നു.

സമരസമിതി ഐഎൻടിയുസി ഏറ്റെടുക്കുകയും ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ബഹുജന പ്രക്ഷോഭം സൃഷ്ടിക്കുകയും ചെയ്യുന്നതോടെ ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമെന്നാണ് യുഡിഫിന്‍റെ പ്രതീക്ഷ.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ജനപ്രധിനിധികളായ എംകെ രാഘവൻ, കെ.മുരളീധരൻ തുടങ്ങിയവരും സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  വരും ദിവസങ്ങളിൽ സമരത്തിന് ശക്തി പകരാൻ കൂടുതൽ നേതാക്കൾ എത്തുമെന്നും സമര സമിതി അറിയിച്ചു.