എറണാകുളത്തെ 14 ബൂത്തുകളില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ്

Monday, October 21, 2019

കനത്ത മഴ വോട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 14 ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന ആവശ്യവുമായി യു.ഡി.എഫ്. കനത്ത മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത എറണാകുളം നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളിലാണ് യു.ഡി.എഫ് റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

പച്ചാളം അയ്യപ്പൻകാവ് ശ്രീ നാരായണ ഹയർ സെക്കന്‍റി സ്‌കൂളിലെ 64, 65, 66, 67, 68 നമ്പർ ബൂത്തുകൾ, കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ്  ഹയർ സെക്കന്‍റി സ്‌കൂളിലെ 73-ാം നമ്പർ ബൂത്ത്,  എറണാകുളം ഗവണ്‍മെന്‍റ് ഗേൾസ്  ഹയർ സെക്കന്‍ററി സ്‌കൂളിലെ 93-ാം നമ്പർ നമ്പർ ബൂത്ത്, കലൂർ സെന്‍റ് സേവ്യേഴ്‌സ് എൽപി സ്‌കൂളിലെ 11 3-ാം നമ്പർ ബൂത്ത്, സെന്‍റ് ജോവാക്കിംസ് ഗേൾസ് യു.പി സ്‌കൂളിലെ 115-ാം നമ്പർ ബൂത്ത്, എറണാകുളം എസ്.ആർ.വി എൽ.പി സ്‌കൂളിലെ  88-ാം നമ്പർ ബൂത്ത്,  കലൂർ സെന്‍റ്അഗസ്റ്റിൻസ് എൽ.പി സ്‌കൂളിലെ 81-ാം  നമ്പർ ബൂത്ത്, പെരുമാനൂർ സെന്‍റ് തോമസ് ഗേൾസ് ഹൈസ്‌കൂളിലെ 94-ാം  നമ്പർ ബൂത്ത്, കടവന്ത്ര ഗാന്ധിനഗർ സെൻട്രൽ സ്‌കൂളിലെ 121-ാം നമ്പർ ബൂത്ത്, മാതാനഗർ പബ്ലിക് നേഴ്‌സറി സ്‌കൂളിലെ 117 -ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് റീ പോളിംഗ് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫിന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റ് ടോണി ചമ്മണി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു.

കനത്ത മഴയും പിന്നാലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും  വോട്ടർമാർക്ക് എത്തിച്ചേരാൻ കഴിയാത്തതുമെല്ലാം ഈ ബൂത്തുകളിൽ പോളിംഗ് ശതമാനം തീരെ കുറയാൻ ഇടയായെന്ന് പരാതിയിൽ പറയുന്നു. പോളിംഗ് സ്റ്റേഷനുകളും അവിടേക്ക് എത്തിച്ചേരാനുള്ള വഴികളും മുട്ടറ്റം വെള്ളത്തിൽ മുങ്ങിയത് കൊണ്ട് ഭൂരിഭാഗം വോട്ടർമാർക്കും ബൂത്തിലെത്താനും വോട്ട് രേഖപ്പെടുത്താനും കഴിഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.