യു.എ.ഇയില്‍ ഇന്ന് 8 കൊവിഡ് മരണം : മരണസംഖ്യ 64 ആയി ; 525 പേര്‍ക്ക് കൂടി രോഗം , ആകെ രോഗികള്‍ ഒമ്പതിനായിരം പിന്നിട്ടു

Jaihind News Bureau
Friday, April 24, 2020

ദുബായ് : യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയര്‍ന്നു. 525 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 9281 ആയി കൂടി. അതേസമയം 123 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവര്‍ ഇപ്പോള്‍ 1760 ആയി. 32,000 പേരില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ന് മരിച്ചവരില്‍ മലയാളി ഉള്‍പ്പെടുന്നതായി നേരത്തേ ബന്ധുക്കല്‍ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് മരിച്ചത്. 65 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദുബായ് ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 45 വര്‍ഷമായി ദുബായ് പൊലീസിലെ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായ ഷംസുദ്ദീന്‍ എട്ട് ദിവസം മുമ്പാണ് കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഈവര്‍ഷം പൊലീസ് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.