രേഖകള്‍ പ്രകാരം മന്ത്രി എം.എം മണിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ടയറുകൾ 2 വർഷത്തിനിടയിൽ മാറ്റേണ്ടിവന്നത് 10 തവണ. ആകെ 34 ടയറുകള്‍ മാറ്റിയത്രേ..! സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഒരു വിരുതന് പരാതി ടൊയോട്ട കമ്പനിയെ തന്നെ അറിയിച്ചു. ഖേദം രേഖപ്പെടുത്തി കമ്പനിയുടെ മറുപടിയുമെത്തി. വിശദാംശങ്ങള്‍ നല്കിയാല് വേണ്ട നടപടി സ്വീകരിക്കാമെന്ന ഉറപ്പും ടൊയോട്ട ഇന്ത്യ നല്കുന്നു.
പതിനായിരം മുതൽ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില എന്നിരിക്കെയാണ് ഈ കൊള്ള. 8 തവണയെങ്കിലും 4 ടയറും മാറ്റിയെങ്കില്‍ മാത്രമേ 34 ടയറുകള്‍ ഇക്കാലയളവില്‍ മാറ്റാനാകൂ. ടൊയോട്ട കമ്പനിപോലും ഈ കണക്കു കേട്ട് ഞെട്ടിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കമ്പനി തന്നെ നല്കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഉദ്ദേശം അമ്പതിനായിരം മുതൽ എഴുപതിനായിരം കിലോമീറ്റർ വരെ ഒരു ടയറിന് കേരളത്തിലെ റോഡിൽ ഓടാം എന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. അങ്ങനെ കണക്കാക്കിയാൽ മന്ത്രി മണിയുടെ ഇന്നോവ ക്രിസ്റ്റ ഏകദേശം നാല് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടാവണം. കേരളത്തിൽ 100 കിലോമീറ്റർ ഹൈവേ യാത്രക്ക് തന്നെ ഏറ്റവും കുറഞ്ഞത് രണ്ടര മണിക്കൂർ സമയം വേണം. അതായത് ഒരു മണിക്കൂറിൽ 40 കിലോമീറ്റർ. അപ്പൊ നാല് ലക്ഷം കിലോമീറ്റർ സ്റ്റേറ്റ് കാറിൽ ചീറിപ്പായാൻ മന്ത്രിയ്ക്ക് ഏകദേശം 10,000 മണിക്കൂർ വേണ്ടിവരും. മൂന്നാർ പോലെയുള്ള ഹൈറേഞ്ച് റോഡുകളില്‍ സഞ്ചരിക്കാന്‍ ഇതിലും കൂടുതൽ സമയം എടുത്തേക്കും. എന്നാല്‍ ഒരു വർഷം ആകെയുള്ളത് 8760 മണിക്കൂർ മാത്രമാണ്. അങ്ങനെയെങ്കില്‍ മന്ത്രി എം.എം. മണി കഴിഞ്ഞ രണ്ട് കൊല്ലത്തിൽ 416 ദിവസവും കാറിൽ തന്നെയാകുമോ മുഴുവന്‍ സമയവും ചെലവഴിച്ചത് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്.