#കാശ്ആശാന്‍തരും: ദുരിതാശ്വാസത്തിന് പിരിച്ച 136 കോടി സര്‍ക്കാരിന് നല്‍കാത്ത വൈദ്യുതി മന്ത്രിക്ക് ഫേസ്ബുക്കില്‍ ട്രോളും പൊങ്കാലയും

Jaihind Webdesk
Monday, August 19, 2019

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സാലറി ചാലഞ്ച് വഴി പിരിച്ചതില്‍ 136 കോടി രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തതില്‍ വ്യാപക പ്രതിഷേധം. ഇതിന്റെ അലയൊലികള്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്. വൈദ്യുതി മന്ത്രിയുടെയും വൈദ്യുതി വകുപ്പിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് ജനങ്ങള്‍ ചോദ്യങ്ങളും ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്.#കാശ്ആശാന്‍തരും എന്ന ഹാഷ് ടാഗോടുകൂടിയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ജീവനക്കാര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് നല്‍കിയ പണം സര്‍ക്കാരിന് കൈമാറാത്തത് ഗുരുതര ക്രമക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.

2019 മാര്‍ച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ബോര്‍ഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി വീതം ബോര്‍ഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. അതായത് 2018 ലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് ജീവനക്കാര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് പകുത്തു നല്‍കിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല.

2018 സെപ്റ്റംബര്‍ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാര്‍ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം 10 മാസ മാസതവണകളായി നല്‍കിയത്. ഇടതു യൂണിയന്‍ അംഗങ്ങളില്‍ 99 ശതമാനവും ചാലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തില്‍ അധികം വീടുകള്‍ നിര്‍മിക്കുന്നതിന് ഉപാകാരപ്പെടുന്ന തുകയാണ് കെ.എസ്.ഇ.ബി കൈമാറാതിരിക്കുന്നത്.