ഷോക്കടിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്; വില കൂട്ടും

Jaihind Webdesk
Sunday, December 16, 2018

തിരുവനന്തപുരം: പ്രളയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് അടുത്ത ഷോക്കായി വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടനുണ്ടാകും. വരുന്ന ആഴ്ച്ച തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി 37.5 ശതമാനം വരെ വര്‍ദ്ധന വരുന്ന തരത്തിലാണ് നിര്‍ദ്ദേശം. 225 യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ വര്‍ദ്ധന നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടത്തരക്കാര്‍ കൂടുതലുള്ള സ്‌ളാബാണിത്. അവര്‍ക്ക് ദ്വൈമാസ വൈദ്യുതി ബില്‍ തുക 1196 ല്‍ നിന്ന് 1642 രൂപയിലേക്ക് വര്‍ദ്ധിക്കും. പ്രതിമാസം 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 13 ശതമാനം വര്‍ദ്ധന ഉണ്ടാകും.

അതേസമയം വൈദ്യുതി നിരക്കു വര്‍ദ്ധിപ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം ജനങ്ങളുടെ നട്ടെല്ലൊടിക്കും എന്നുറപ്പാണ്. #കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇളവും ചെറുകിടക്കാര്‍ക്ക് അധികഭാരവും നല്‍കാനാണു ബോര്‍ഡിന്റെ ശുപാര്‍ശയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  നിരക്ക് വര്‍ദ്ധനയിലൂടെ 8.5 ശതമാനം വര്‍ദ്ധനയാണ് കെ.എസ്. ഇ.ബി ലക്ഷ്യമിടുന്നത്. നടപ്പ് വര്‍ഷം 1100.70 കോടിയുടെ നഷ്ടം വരും. ഇതിന് പുറമേ പ്രളയം മൂലം 800 കോടിയുടെ ബാദ്ധ്യത വന്നെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. ഇതെല്ലാം ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് നീക്കം.