യുഎഇ തീരത്ത് സൗദിയുടെ 4 എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ; ശക്തമായ മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍; ആക്രമണം അമേരിക്കന്‍ മുന്നറിയിപ്പിന് പിന്നാലെ

യുഎഇയുടെ വടക്കന്‍ നഗരമായ ഫുജൈറയില്‍, തുറമുഖത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വന്‍ നാശനഷ്ടമുണ്ടായി. ഈ മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാനോ അവരുമായി ബന്ധപ്പെട്ടവരോ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, ആക്രമണത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ആക്രമണം ഉണ്ടായെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും സ്‌ഫോടനം ഉണ്ടായിട്ടില്ലെന്ന് ഫുജൈറ മാധ്യമ മന്ത്രാലയം അറിയിച്ചു.

അതേസമയം, സംഭവത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ( ജി സി സി ) പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിന് പിന്നിലുള്ളവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരണിക്കണമെന്നും ജി സി സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് , അമേരിക്ക സൈനിക വിന്യാസം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഈ മേഖല ആശങ്കയിലായിരുന്നു. ഇതിനിടെയാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. എണ്ണ കപ്പലുകള്‍ക്ക് വന്‍ നാശനഷ്ടം സംഭവിച്ചതായി സൗദി അറേബ്യയും സ്ഥിരീകരിച്ചു. ഈ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കാനാണ് നീക്കമെന്നും ഞങ്ങളുടെ മിഡില്‍ ഈസ്റ്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Saudi Arabia
Comments (0)
Add Comment