നൂറില്‍ പാഞ്ഞ് ഓവർടേക്ക് ചെയ്യാന്‍ ശ്രമം; മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ ഇടിച്ചുതകർത്ത് തലകീഴായി മറിഞ്ഞു

Jaihind Webdesk
Thursday, October 6, 2022

വടക്കഞ്ചേരി/പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. അപകടമുണ്ടാക്കിയ ബസിന്‍റെ ഉടമകൾക്കെതിരെ മുമ്പും നിരത്തിലെ നിയമ ലംഘനങ്ങൾക്ക് കേസ് എടുത്തിട്ടുണ്ട്.

അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. തലകീഴായി മറിഞ്ഞ ബസ് വെട്ടി പൊളിച്ചാണ് രക്ഷാപ്രവർത്തകർ കുട്ടികളെ പുറത്തെടുത്തത്. സംഭവ സമയത്ത് മഴ പെയ്തിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.

സ്ഥലം സന്ദര്‍ശിച്ച മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരും അമിത വേഗം സ്ഥിരീകരിച്ചു. ഇതിനിടെ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്കൂളിന്‍റെ ഓട്ടം ഏറ്റെടുത്തത്. ഈ ബസ് മുമ്പും നിയമ ലംഘനങ്ങൾക്ക് പിടിയിലായിട്ടുണ്ട്. 5 തവണ കേസ് എടുത്തതിനാൽ ബസിനെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയായിരുന്നു.