ഇറാനുമേല്‍ ഉപരോധം തുടരും ; ആണവായുധം അനുവദിക്കില്ല : ഇറാന് മറുപടിയുമായി അമേരിക്ക

Jaihind News Bureau
Wednesday, January 8, 2020

ഇറാനെതിരായ പ്രശ്നത്തില്‍ നിലപാട് കടുപ്പിക്കാതെ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറാനെതിരായ ഉപരോധം തുടരുമെന്നും ആണവായുധം നിർമിക്കാൻ ഒരുതരത്തിലും ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇറാന്‍ അവസാനിപ്പിക്കണം. ഇറാനുമായുള്ള സംഘർഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യു.എസ് പ്രസിഡന്‍റ്.

ലോകത്തിലെ ഏറ്റവും വലിയ ഭീകരനെയാണ് ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ ഇല്ലാതാക്കിയതെന്നും ഇതിന് ഇറാന്‍ ജനത നന്ദി പറയണമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾക്ക് സഹായം നൽകിയ വ്യക്തിയായിരുന്നു സുലൈമാനി. ഹിസ്ബുല്ലയെ ഉൾപ്പെടെ അയാൾ പരിശീലിപ്പിച്ചു. യു.എസിനെതിരെ വീണ്ടും ആക്രമണ പദ്ധതികൾ തയാറാക്കുകയായിരുന്നു സുലൈമാനി. ഇറാൻ നയം മാറ്റുന്നതു വരെ ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം ഇറാന്‍റെ മിസൈലാക്രമണത്തിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാഖിലുള്ള എല്ലാ അമേരിക്കൻ പട്ടാളക്കാരും സുരക്ഷിതരാണെന്നും മിലിട്ടറി ബേസിൽ നിസാരമായ നാശനഷ്ടം മാത്രമാണ് ഉണ്ടായെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ സൈന്യം എന്തിനും സന്നദ്ധരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

https://www.facebook.com/JaihindNewsChannel/videos/498461700864635/