വിമാനത്താവള ടെണ്ടറിലും കണ്‍സള്‍ട്ടന്‍സി ധൂർത്ത് നടത്തി സർക്കാർ ; ആകെ തുകയുടെ ഭൂരിഭാഗവും കണ്‍സള്‍ട്ടന്‍സികള്‍ക്ക്

Jaihind News Bureau
Friday, August 21, 2020

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ടെണ്ടറിലും പിണറായി സർക്കാരിന്‍റെ കണ്‍സള്‍ട്ടന്‍സി ധൂർത്ത്. കണ്‍സള്‍ട്ടന്‍സികളുടെ ഫീസിനത്തില്‍ മാത്രമായി സർക്കാർ ചെലവഴിച്ചത് കോടികള്‍. ആകെ ചെലവായ തുകയുടെ ഭൂരിഭാഗവും കണ്‍സള്‍ട്ടന്‍സികള്‍ക്കുള്ള ഫീസിനത്തിലാണ് ചെലവഴിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് പിണറായി സർക്കാരിന്‍റെ മറ്റൊരു കണ്‍സള്‍ട്ടന്‍സി ധൂർത്ത് കൂടി പുറത്തുവരുന്നത്.

രണ്ട് കോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയാണ് ടെണ്ടർ നടപടികള്‍ക്കായി ആകെ ചെലവായിരിക്കുന്നത്. ഇതില്‍ 2 കോടി 13 ലക്ഷത്തിലേറെ രൂപയും നല്‍കിയിരിക്കുന്നത് കണ്‍സള്‍ട്ടന്‍സികള്‍ക്കാണ്. സർക്കാരിന്‍റെ ഇഷ്ടക്കാരായ കെ.പി.എം.ജി തന്നെയാണ് ഇവിടെയും മുഖ്യ ഗുണഭോക്താക്കള്‍. 1 കോടി 57 ലക്ഷത്തി പതിനെണ്ണായിരത്തി തൊണ്ണൂറ്റിനാല് രൂപയാണ് കെ.പി.എം.ജിക്ക് ഫീസിനത്തില്‍ ലഭിച്ചിരിക്കുന്നത്. സിറില്‍ അമർചന്ദ് മംഗള്‍ദാസ് എന്ന കമ്പനിക്ക് 55 ലക്ഷത്തിലേറെ രൂപയും ലഭിച്ചിട്ടുണ്ട്. അതേസമയം മറ്റ് ചെലവുകളെല്ലാം കൂടി 25 ലക്ഷത്തോളം മാത്രമാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മറ്റൊരു കണ്‍സള്‍ട്ടന്‍സി ധൂർത്ത് കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സർക്കാരിന്‍റെ ഇഷ്ടക്കാരായ വിവാദ കമ്പനി കെ.പി.എം.ജി തന്നെയാണ് ഇവിടെയും എന്നതും ശ്രദ്ധേയമാണ്. പ്രളയത്തില്‍ രംഗപ്രവേശം ചെയ്ത കെ.പി.എം.ജിക്കെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. കണ്‍സള്‍ട്ടന്‍സികളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഗുരുതര ആരോപണങ്ങളും സര്‍ക്കാരിനെതിരെ നിലവിലുണ്ട്. തിരുവനന്തപുരം വിമാനത്താവള ടെണ്ടറിലും കണ്‍സള്‍ട്ടന്‍സി ധൂർത്ത് നടന്നു എന്നതാണിപ്പോള്‍ വ്യക്തമായിരിക്കുന്നത്.