ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി സഖ്യത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ത്രിപുരയിലെ ബി.ജെ.പി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി (ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) യുടെ മൂന്ന് വനിതാ നേതാക്കള്‍ ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേർന്നു.
സംസ്ഥാനത്തെ ആദിവാസി വിഭാഗത്തോടുള്ള സർക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഐ.പി.എഫ്.ടി നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. ബി.ജ.പി നേതൃത്വത്തിലുള്ള സർക്കാർ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും നേതാക്കള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിവാസികള്‍ക്കായി സംസ്ഥാനമെന്ന ആശയത്തോട് സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ് ഇവര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് എത്താന്‍ കാരണമായതെന്ന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ കിരിത് പ്രദ്യോത് ഡെബ് ബര്‍മാന്‍ പറഞ്ഞു.
‘ത്രിപ്രലാന്‍ഡ് രൂപീകരിക്കാന്‍ കഴിയുമെന്ന് ആളുകള്‍ വിശ്വസിച്ചു. എന്നാല്‍ ഇവരെ വഞ്ചിക്കുകയായിരുന്നു. മന്ത്രിസഭയിലുള്ള ചില നേതാക്കള്‍ തന്നെ സ്വന്തം ജനതയെ വഞ്ചിക്കുകയാണുണ്ടായത്’- നിലവില്‍ മന്ത്രിസഭയില്‍ അംഗങ്ങളും ഐ.പി.എഫ്.ടിയുടെ സമുന്നത നേതാക്കളായ എന്‍.സി ഡെബ്ബര്‍മയേയും മെവര്‍ കുമാറിനെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രദ്യോത് പറഞ്ഞു.
ആദിവാസികള്‍ക്കായി ‘ത്രിപ്രലാന്‍ഡ്’ എന്ന പേരില്‍ പ്രത്യേക സംസ്ഥാനം എന്ന് ആവശ്യം മുന്‍നിര്‍ത്തി 2009 ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇരുപാര്‍ട്ടികളും ചേര്‍ന്ന് 60 ല്‍ 44 സീറ്റുകളായിരുന്നു നേടിയത്. ബി.ജെ.പിയുടെ നിഷേധാത്മക നിലപാടില്‍ ഐ.പി.എഫ്.ടി നേതാക്കളും വഴങ്ങുന്നതിനെതിരെ പ്രതിഷേധിച്ചാണ് ഇപ്പോള്‍ മൂന്ന് വനിതാ നേതാക്കള്‍ പാര്‍ട്ടി വിട്ടത്. എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ സാഹചര്യത്തില്‍ ബി.ജെ.പി സഖ്യത്തില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും കൊഴിഞ്ഞുപോകുന്ന നേതാക്കളുടെ എണ്ണം വർധിക്കുന്നതില്‍ ആശങ്കയിലാണ് ബി.ജെ.പി ക്യാമ്പ്.