സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Jaihind Webdesk
Saturday, May 15, 2021

 

തിരുവനന്തപുരം:  സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളികളിലാണ് നാളെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുക. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ ഉണ്ടാകൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി ഉണ്ടാകും.

ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നൽകും. ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തും. ക്വാറന്റീൻ ലംഘിക്കുന്നതു കണ്ടെത്താൻ ജിയോ ഫെൻസിങ് ഉപയോഗിക്കും. ക്വാറന്റിീനിൽനിന്ന് പുറത്തിറങ്ങാൻ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കും. ആവശ്യക്കാർക്കു ഭക്ഷണമെത്തിക്കുന്നത് വാർഡ് സമിതികളായിരിക്കും. 10,000 പൊലീസുകാരെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

മരുന്നുകടയും പെട്രോൾ പമ്പും തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ 6 മണിക്ക് മുമ്പ് വീടുകളിലെത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോംനേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തിരഘട്ടങ്ങളില്‍ യാത്ര ചെയ്യാം. വിമാന യാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യഞ്ജന കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അത്യാവശ്യ വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതിയുണ്ടാകും. അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ കണ്ടെയ്‌മെന്റ് സോണ്‍ മുഴുവനായി അടക്കും.

നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച് ഉത്തരവ് അതാത് ജില്ലാ ദുരന്തനിവാരണ അതോറിട്ടികള്‍ പുറപ്പെടുവിക്കും. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നും മറ്റ് പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.