വനംകൊള്ള : സിപിഐ യില്‍ ആശയക്കുഴപ്പവും വിമർശനങ്ങളും ഉയരുന്നു

Jaihind Webdesk
Sunday, June 13, 2021

കോഴിക്കോട് : വിവാദ മരംമുറി കേസില്‍ സിപിഐയില്‍ കടുത്ത ആശയക്കുഴപ്പം. വനം കൊള്ള വിഷയം വേണ്ടരീതിയില്‍ കൈകാര്യംചെയ്തില്ലെന്നും തുടക്കത്തില്‍തന്നെ പ്രതികരിക്കാതിരുന്നതും പാര്‍ട്ടിക്ക് ദോഷംചെയ്യുന്നുവെന്ന വിലയിരുത്തലിലാണ് വലിയൊരു വിഭാഗം. ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറയുമ്പോള്‍തന്നെ എന്തുകൊണ്ട് അത് നേരത്തേ കണ്ടെത്തി തടയാന്‍ കഴിഞ്ഞില്ല എന്ന ആക്ഷേപമാണ് ഇപ്പോള്‍ സി.പി.ഐ.യില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

സ്വന്തം പുരയിടത്തിലെ മരംമുറിക്കാനുള്ള അനുമതിക്കായി ഇടുക്കിയിലെ വലിയൊരു വിഭാഗം കര്‍ഷകരും കര്‍ഷകസംഘടനകളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അന്നത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചതും അനുകൂലമായ തീരുമാനമെടുത്തതും. എന്നാല്‍, ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ നോട്ടപ്പിശകാവാം പിന്നീട് തത്പരകക്ഷികള്‍ക്ക് അനുകൂലമായ അവസരം ഉണ്ടാക്കിക്കൊടുത്തത് എന്ന നിഗമനത്തിലാണ് നേതൃത്വം.സി.പി.ഐ. നേരത്തേ വനംവകുപ്പ് കൈകാര്യംചെയ്തപ്പോഴും ചില വിവാദങ്ങള്‍ ഉയര്‍ന്നതും വീണ്ടും ചര്‍ച്ചയാവുന്നുണ്ട്.

ഇക്കാര്യത്തില്‍ യുക്തിസഹമായ വിശദീകരണം നല്‍കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ അന്ന് റവന്യൂ, വനം മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരനോ കെ. രാജുവോ തയ്യാറാവാത്തത് എന്തുകൊണ്ട് എന്നതാണ് ഇപ്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം.