മുട്ടിൽ വനംകൊള്ള : ഉന്നതതല പങ്ക് വ്യക്തമാകുന്നു ; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഇടപെട്ടതായി രേഖ

വയനാട് മുട്ടിൽ വനംകൊള്ളയിൽ ഉന്നതതല പങ്ക് വ്യക്തമാകുന്നു. കേസിലെ പ്രതികളിലൊരാൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്. ഈ വിഷയത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഇടപെട്ടതായും രേഖകൾ വ്യക്തമാക്കുന്നു. വയനാട് മുട്ടിൽ വനം കൊള്ളയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് നേരിട്ട് ഇടപെട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ സഹോദരനും കൂട്ട് പ്രതിയുമായ ആന്റോ അഗസ്റ്റിനാണ് മുറിച്ച മരങ്ങൾ കൊണ്ടുപോകാൻ വനം വകുപ്പ് പാസ് അനുവദിക്കുന്നില്ല എന്ന് കാണിച്ചു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തയച്ചത്. ജില്ലാ കലക്ടർക്കൊ മറ്റ് അധികാരികൾക്കൊ ആവശ്യമുന്നയിച്ച് അപേക്ഷ നൽകാതെയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആന്റോ അഗസ്റ്റിൻ നേരിട്ട് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കലക്ടറോട് വിശദീകരണം തേടിയതായും രേഖകൾ വ്യക്തമാക്കുന്നു. പ്രതികൾക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി യുമായുള്ള ബന്ധമാണ് ഇപ്പോൾ സംശയനിഴലിൽ നിൽക്കുന്നത്.

Comments (0)
Add Comment