ട്രഷറി തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്.ഐ.ആര്‍; ബിജുലാല്‍ ഭാര്യയുടേത് ഉള്‍പ്പെടെ മൂന്ന് അക്കൗണ്ടുകളിലേക്ക് പണം മാറ്റി

Jaihind News Bureau
Tuesday, August 4, 2020

 

തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിൽ തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്.ഐ.ആര്‍. 2019 ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെയുള്ള വിവിധ ദിവസങ്ങളില്‍ പണം വകമാറ്റിയെന്ന് റിപ്പോർട്ടില്‍ പറയുന്നു. എഫ്ഐആറിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ബിജുലാല്‍  ഭാര്യയുടേത് ഉള്‍പ്പെടെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്.

അതേസമയം, വഞ്ചിയൂർ സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ സീനിയർ അക്കൗണ്ടന്‍റ് ബിജുലാലിനെ പിരിച്ചുവിട്ടു കൊണ്ട് ഇന്ന് ഉത്തരവിറങ്ങിയേക്കും. പെൻഷൻ അടക്കം ഒരു ആനുകൂല്യത്തിനും ബിജുലാലിന് അർഹതയുണ്ടാവില്ല. നോട്ടീസ് പോലും നൽകാതെയുള്ള പിരിച്ചുവിടൽ ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി.

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.