ഫ്രാങ്കോ മുളക്കൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ സ്ഥലംമാറ്റം റദ്ദാക്കി; നടപടി സ്ഥലംമാറ്റം വിവാദമായതിനെ തുടർന്ന്

Jaihind Webdesk
Saturday, June 15, 2019

Franco-Mulakkal-case

ഫ്രാങ്കോ മുളക്കൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം DySP കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി സർക്കാർ റദ്ദാക്കി. കോട്ടയം DCRB DySPയായാണ് പുതിയ നിയമനം. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ.സുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായതിനെ തുടർന്നാണ് നടപടി സർക്കാർ റദ്ദാക്കിയത്.

ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനെതിരെ  കന്യാസ്ത്രീകളും സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കോൺസിലും രംഗത്തെത്തിയിരുന്നു. കേസിൽ അട്ടിമറി നടക്കുമെന്ന് ആശങ്കയും കന്യാസ്ത്രീകൾ പ്രകടിപ്പിച്ചിരുന്നു. കേസിന്‍റെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയത്. സുഭാഷിനെ തൊടുപുഴ വിജിലൻസിലേക്കായിരുന്നു മാറ്റം. അന്വേഷണ ഉദ്യോഗസ്ഥനെ  കോട്ടയം ജില്ലയിൽ നിന്നു തന്നെ മാറ്റിയത് ഉന്നത ഇടപെടലിന്‍റെ ഭാഗമാണെന്നാണ് സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നത്. അതേ ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്റ്റേഷനിലേക്കോ ഡിപാർട്ട്മെന്‍റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചിരുന്നു.  ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എസ് ഒ എസ് നേരെത്തെ ആരോപിച്ചിരുന്നു.