മോദിക്കായി ട്രെയിന്‍ കോച്ചുകള്‍ കത്തിച്ച് ചിത്രീകരണം നടത്തിയത് വന്‍ വിവാദത്തില്‍

Jaihind Webdesk
Monday, March 4, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിംഗ് തിരക്കുകളിലാണിപ്പോള്‍. എല്ലാവിധ പ്രചരണതന്ത്രങ്ങളും ഉപയോഗിച്ച് മുന്നേറാനാണ് ബി.ജെ.പിയുടെ ശ്രമം . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിക്കായി ട്രെയിനിന്‍റെ കോച്ച് തീവെച്ച് വിവാദത്തിലായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്‍ 2002-ല്‍ സബര്‍മതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിനിന്‍റെ കോച്ചിന് തീവെച്ചത്.

Godhra-Train

File Pic of 2002 Godhra Train Burning

ചിത്രീകരണത്തിനായി വഡോദരയിലെ വിശ്വാമിത്രി റെയില്‍വേ സ്റ്റേഷന്‍ ഉപയോഗിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന കുറച്ച് സീനുകള്‍ ചിത്രീകരിക്കാനായിരുന്നു അനുമതി. മോദി ചെറുപ്പത്തില്‍ ചായവില്‍പന നടത്തുന്നതടക്കം ചില സീനുകള്‍ ചിത്രീകരിക്കാനാണ് റെയില്‍വേ അനുമതി നല്‍കിയത്. എന്നാല്‍ റെയില്‍വേ മോക് ഡ്രില്ലിനുപയോഗിക്കുന്ന ട്രെയിന്‍ ബോഗിക്ക് തീയിട്ടാണ് ചിത്രീകരണ സംഘം ഷൂട്ടിംഗ് നടത്തിയത്. തീവെപ്പിലൂടെ റെയില്‍വേയ്ക്ക് നാശനഷ്ടമുണ്ടായെന്നാണ് റെയില്‍വേയുടെ നിലപാട്. ഗോധ്ര കലാപം ഉള്‍പ്പെടുത്തി ഡോക്യുമെന്‍ററി ചിത്രീകരിക്കുന്ന വിവരം റെയില്‍വെ അധികൃതരെ അറിയിച്ചിരുന്നില്ല. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഗോധ്രകലാപവും മോദിയുടെ ജീവിതവും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായിരുന്നു ഈ ചിത്രീകരണം. 2002ല്‍ ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീവെച്ച് കൂട്ടക്കൊല നടത്തിയത്. അയോധ്യയിൽനിന്നു മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്‍റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27നാണ് അഗ്നിക്കിരയായത്. ഈ സംഭവം വീണ്ടും പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് നേടാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് നടന്ന ഗുജറാത് കലാപം 1200 ഓളം പേരുടെയും മരണത്തിനിടയാക്കി. ഈ സമയത്ത് നരേന്ദ്ര മോദിയായിരുന്നു ഗുജറാത് മുഖ്യമന്ത്രി. ഈ സംഭവം വീണ്ടും പ്രചരാണായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ഡോക്യുമെന്‍ററി ചിത്രീകരണം. എന്തായാലും വീണ്ടും കോച്ചുകള്‍ കത്തിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.