ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് MLA വെടിയേറ്റ് മരിച്ചു

Jaihind Webdesk
Saturday, February 9, 2019

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസിനെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സത്യജിത് ബിശ്വാസ്.

മജ്ദിയാരിലെ ഫുല്‍ബാരിയില്‍ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അക്രമികള്‍ എം.എല്‍.എയെ കൊലപ്പെടുത്തിയത്.  സരസ്വതീപൂജ ഉദ്ഘാടനത്തിന് ശേഷമുള്ള സാംസാകാരിക പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്. മുന്‍നിരയിലിരിക്കുകയായിരുന്ന എം.എല്‍.എയുടെ അടുത്തേക്ക് പെട്ടെന്ന് കടന്നുവന്ന അക്രമികള്‍ തൊട്ടടുത്തുനിന്ന് വെടിയുതിര്‍ത്തതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി രക്തം വാര്‍ന്ന് അവശനിലയിലായ എം.എല്‍.എയെ കൃഷ്ണനഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അതേസമയം കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നാദിയ ജില്ലാ അധ്യക്ഷന്‍ ഗൌരീശങ്കര്‍ ദത്ത ആരോപിച്ചു. മുകുള്‍ റോയ് എന്ന ബി.ജെ.പി നേതാവിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു ദത്തയുടെ പ്രതികരണം.

”മുകുള്‍ റോയ് വളരെ നാളുകളായി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണ്. ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഇതിന് പിന്നില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്നതില്‍ സംശയമില്ല” – ഗൌരീശങ്കര്‍ ദത്ത പറഞ്ഞു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ മുകുള്‍ റോയ് തയാറായില്ല.

എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചു. തൃണമൂലിലെ ചേരിതിരിവാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊലയാളികള്‍ ആരെന്നത് സംബന്ധിച്ച് സൂചനകള്‍ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ജില്ലയില്‍ തൃണമൂലിന്‍റെ ശക്തനായ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട സത്യജിത് ബിശ്വാസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെല്ല് വാങ്ങുന്നതുമായ ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സത്യജിത് ബിശ്വാസ് ശക്തമായി പ്രതിഷേധിച്ചിരുന്നു.