തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു ; ചെക്ക് മോഷ്ടിച്ചതാണെന്ന വാദം നിലനിന്നില്ല

Jaihind Webdesk
Monday, August 26, 2019

ദുബായ് : യുഎഇയിലെ അജ്മാനില്‍ വണ്ടിചെക്ക് കേസില്‍ BDJS നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തെളിവെടുപ്പിനിടെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍, എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ഇതിനിടെ, കേസ് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരെയുള്ള വണ്ടിച്ചെക്ക് കേസില്‍, പരാതിക്കാരനായ നാസില്‍ അബ്ദുല്ലയെ , തെളിവുകള്‍ ഹാജരാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തിങ്കളാഴ്ചയാണ് വിളിപ്പിച്ചത്. തെളിവെടുപ്പിനിടെ അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ എത്തിയ തുഷാര്‍, ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം ഉന്നയിച്ചു. എന്തുകൊണ്ട് അക്കാര്യം പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന പ്രോസിക്യൂട്ടര്‍ ചോദിച്ചു. ഇതിനിടെ, ചെക്ക് നമ്പര്‍ രേഖപ്പെടുത്തിയ കരാര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല ഹാജരാക്കി.

ഇതിനിടെ, കേസ് ഒത്തുതീര്‍ക്കാന്‍ പ്രോസിക്യൂട്ടറുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തി. ഇതനുസരിച്ച്, ഒത്തുതീര്‍പ്പിന് തുഷാര്‍ പറയുന്ന തുക വളരെ കുറവ് ആണെന്ന് പറഞ്ഞ്, പരാതിക്കാരന്‍ പിന്‍വാങ്ങി. ഇതോടെ, നാസില്‍ കേസ് തുടരാനാണ് തീരുമാനം എന്നറിയിച്ചു. തുഷാറിന്റെ ജാമ്യകാലവധി 20 ദിവസത്തിനുള്ളില്‍ അവസാനിക്കും. അതിന് മുന്പ് ഒത്തുതീര്‍പ്പ് നടന്നില്ലെങ്കില്‍, കേസ് വിചാരണയിലേക്കും ശിക്ഷയിലേക്കും നീങ്ങും. തുകയുടെ വലിപ്പം അനുസരിച്ച് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് കോടതിക്ക് ശിക്ഷ വിധിക്കാം. തുടര്‍ന്ന് സിവില്‍കേസും നേരിടേണ്ടി വരും. ഇതിനിടെ, തൃശൂര്‍ മതിലകം സ്വദേശിയായ നാസിലിന് പൂര്‍ണ പിന്തുണയുമായി, പഴയ കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ വലിയ നിര, മുന്നോട്ട് വന്ന് കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും ഇപ്പോള്‍ നാസിലാണ് താരം.