കെപിസിസി അച്ചടക്കസമിതി ചെയർമാനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു

Jaihind Webdesk
Tuesday, January 4, 2022

 

തിരുവനന്തപുരം : കെപിസിസി അച്ചടക്ക സമിതി ചെയർമാനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചുമതലയേറ്റു. എൻ അഴകേശൻ, ഡോ. ആരിഫ എന്നിവർ അംഗങ്ങളായും ചുമതലയേറ്റെടുത്തു. പക്ഷപാതപരമായ ഒരു നടപടിയും സമിതി സ്വീകരിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അച്ചടക്ക സമിതി അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണനും അംഗങ്ങളായി എൻ. അഴകേശൻ, ഡോ. ആരിഫ എന്നിവരും ചുമതലയേറ്റെടുത്തത്.
അച്ചടക്കമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസിലാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്നും മാതൃകാപരമായ പ്രവർത്തനം കാഴ്ചവക്കാൻ അച്ചടക്ക സമിതിക്ക് കഴിയട്ടെ എന്നും കെ സുധാകരൻ എംപി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി പോലെ അച്ചടക്കം അടിച്ചേൽപ്പിക്കുന്ന പാർട്ടി അല്ല കോൺഗ്രസ് എന്നും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനാണ് അച്ചടക്ക സമിതിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. വ്യക്തിപരമായ അഭിപ്രായത്തെക്കാൾ നീതിബോധപരമായ പ്രവർത്തനമായിരിക്കും അച്ചടക്ക സമിതി നടത്തുകയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. യുഡിഎഫ് കൺവീൻ എംഎം ഹസൻ, കെ മുരളീധരൻ എംപി, കെപിസിസി വൈസ് പ്രസിഡന്‍റ് എൻ ശക്തൻ തുടങ്ങി നിരവധി പ്രമുഖ നേതാ ക്കൾ പങ്കെടുത്തു.