‘മന്ത്രി സജി ചെറിയാന്‍റെ വീടിരിക്കുന്ന പ്രദേശത്തെ കെ റെയില്‍ അലൈന്‍മെന്‍റ് തിരുത്തി’ : തിരുവഞ്ചൂർ രാധാകൃഷ്ണന്‍

Jaihind Webdesk
Wednesday, March 23, 2022

സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ ജനരോഷം ശക്തമായി തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷണൻ. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീട് ഇരിക്കുന്ന ഭാഗത്തെ കെ റെയിൽ അലൈൻമെന്റ് മാറ്റിയെന്ന ഗുരുതര ആരോപണമാണ് തിരുവഞ്ചൂർ ആരോപിച്ചത്.

‘സജി ചെറിയാന്‍ ഒരാവശ്യവുമില്ലാതെ തനിക്ക് എതിരെ ആരോപണം ഉന്നയിച്ചു. അലൈന്‍മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തി പഴയ അലൈന്‍മെന്റ് സൈറ്റില്‍ നിന്ന് മാറ്റി. ചെങ്ങന്നൂര്‍ കുറിച്ചിമുട്ടത്ത് അലൈന്‍മെന്റില്‍ മാറ്റം വരുത്തി. ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സജി ചെറിയാന്‍ പറയുന്നു. ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് മാറ്റം വരുത്തിയത്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വലിയ ശക്തിയെന്ന് അന്വേഷിക്കണം. ഇക്കാര്യം സജി ചെറിയാന്‍ വിശദീകരിക്കട്ടെ. സമരത്തെ ആക്ഷേപിക്കാന്‍ കരുതികൂട്ടിയുള്ള ശ്രമം നടക്കുന്നു. ഭീകരവാദികള്‍ ആണ് സമരം നടത്തുന്നത് എന്ന് പറയുന്നു. ഇത് പ്രസ്താവനയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. കെ റെയില്‍ നിര്‍ത്തുന്നു എന്ന് ഗവണ്‍മെന്റ് പറഞ്ഞാല്‍ സമരം അവസാനിപ്പിക്കും. സജി ചെറിയാന്‍ ഇനി ശബ്ദിച്ചാല്‍ ബാക്കി അപ്പോള്‍ പറയാം’. മന്ത്രി സജി ചെറിയാന്റെ വീട് ഇരിക്കുന്ന സ്ഥലത്താണ് അലൈന്‍മെന്റ് മാറ്റിയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

‘കെ റെയില്‍ നാളെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ബാധ്യതയായി മാറാനാണ് പോകുന്നത്. കേരളം ടു കേരളം എന്ന നിലയില്‍ ഒരു റെയില്‍വേ ലൈന്‍ നിര്‍മിച്ചാല്‍ ഇന്ത്യന്‍ റെയില്‍ വേ ഉപയോഗിക്കുന്ന എത്ര ശതമാനം ജനങ്ങള്‍ക്ക് അത് ഉപകാരപ്പെടും? എത്രയും വേഗം പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതുകൂടി പുറത്തുവന്ന് കഴിയുമ്പോള്‍ കെ റെയിലിനെ പറ്റി സംസാരിക്കാന്‍ പോലും ഭരണപക്ഷത്തുനിന്ന് ആളുണ്ടാകില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനൊന്നും പ്രതിപക്ഷത്തിന് പ്ലാനില്ല. അതിനര്‍ത്ഥം ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കും എന്നല്ല എന്നും അദ്ദേഹം പറഞ്ഞു.