തെരേസ മേ രാജി വച്ചു; ജൂണ്‍ ഏഴിനു പാര്‍ട്ടി നേതൃസ്ഥാനം ഒഴിയും

Jaihind Webdesk
Friday, May 24, 2019

Theresa-May

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് എംപിമാര്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം.  ജൂണ്‍ ഏഴിനു  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവയ്ക്കുമെന്ന് അവര്‍ പറഞ്ഞു.

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് ഏക്കാലവും വലിയൊരു വേദന തന്നെ ആയിരിക്കുമെന്ന്  മേ പറഞ്ഞു.  ഏറെ വികാരഭരിതമായ വാര്‍ത്താസമ്മേളനത്തിനിടെ പലപ്പോഴും തെരേസ മേയുടെ വാക്കുകള്‍ ഇടമുറിഞ്ഞു.

തെരേസാ മേയുടെ രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മല്‍സരം തുടങ്ങും. തെരേസാ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ അടുത്താഴ്ച ആരംഭിക്കുമെന്നു തെരേസാ മേ പറഞ്ഞു. നിരവധി ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന നടപടിയാണിത്.

പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടിനിടാനിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.