കണ്ണൂരിൽ കരാറുകാരൻ മരണപ്പെട്ട സംഭവത്തിൽ സർക്കാർ ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ എംപി. ട്രസ്റ്റ് രൂപീകരണത്തിൽ നിയന്ത്രണം വേണമെന്നും, ലീഡർ കെ കരുണാകരന്റെ പേര് ഇത്തരം ട്രസ്റ്റുകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും കെ മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ ട്രസ്റ്റ് നടത്തിപ്പിൽ ലീഡർ കെ കരുണാകരന്റെ കുടുംബത്തിന് യാതൊരു പങ്കുമില്ല. വിഷയത്തിൽ സർക്കാർ ഉചിതമായ അന്വേഷണം നടത്തണം. ഏതു അന്വേഷവും സർക്കർ നടത്തിയാലും സ്വാഗതം ചെയ്യും. കരാറുകാരന്റെ കുടുംബത്തിന് കൂടി സ്വീകാര്യമായ അന്വേഷണമാണ് നടത്തേണ്ടതെന്നും കെ മുരളീധരൻ എം.പി പറഞ്ഞു.
കെ കരുണാകരന്റെ പേരിൽ ഇത്തരം ചീത്തപ്പേരുകൾ ഇനി ഉണ്ടാവരുത്. അതുകൊണ്ട് തന്നെ ട്രസ്റ്റുകൾ രൂപീകരിക്കുന്നതിൽ നിയന്ത്രണം വേണം. നിലവിൽ ഔദ്യോഗികമായി കരുണാകരന്റെ പേരിൽ ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. കെ കരുണാകരന്റെ പേര് ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ല. പാർട്ടി തലത്തിൽ തീരുമാനം ഉണ്ടാവാൻ വിഷയം പാർട്ടിയെ അറിയിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിഭാഷാ നയമാണ് എക്കാലവും കോൺഗ്രസിന്റെ നയം. ആ നയത്തിൽ പാർട്ടി ഉറച്ചു നിൽക്കുന്നു. മരട് ഫ്ലാറ്റ് വിഷയത്തിൽ അനുമതി കൊടുത്തവർക്കെതിരെ കർശനമായ നടപടി വേണം. ഫ്ലാറ്റിൽ താമസിക്കുന്നവരെ ഇറക്കിവിടുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.