സിബിഐ കൈക്കൂലി കേസ് : അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നുവെന്നു..?

Jaihind Webdesk
Thursday, October 25, 2018

സിബിഐയിലെ കൈക്കൂലി കേസില്‍ അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നതായി ദ വയറിന്‍റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ സെക്രട്ടറി ഭാസ്കര്‍ കുല്‍ബെ അടക്കമുള്ളവര്‍ സംശയത്തിന്‍റെ നിഴലിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉന്നത സിബിഐ ഉദ്യോഗസ്ഥരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ഉദ്ധരിച്ചാണ് അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊഴിവാക്കാനാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. രാജ്യ സുരക്ഷയെ വരെ ബാധിക്കുന്ന തെളിവുകള്‍ ഇതോടെ തേയ്ച്ച് മായ്ച്ചുകളഞ്ഞേക്കാമെന്ന് ആശങ്കയുണ്ട്. കൈക്കൂലി കേസിനപ്പുറം രാകേഷ് അസ്താനയുടെ നേതൃത്വത്തില്‍ ഒരു പിടിച്ചുപറി സംഘം തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നത്.

https://www.youtube.com/watch?v=oGQCsk4-meU

രാജ്യത്തെ പ്രധാന കേസുകളിലെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നേരിട്ടുള്ള ഇടപെടലുണ്ടായതിനും തെളിവ് ലഭിച്ചിട്ടുണ്ട്. മോയിന്‍ ഖുറേഷി കേസ് അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അസ്താനയ്ക്കൊപ്പം ആരോപണ വിധേയനായ സാമന്ത് ഗോയലിനെ റോയുടെ തലവനാക്കാനുള്ള നീക്കവും നടന്നിരുന്നു. അസ്താന കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ മനോജ് പ്രസാദുമായി അടുത്ത ബന്ധമാണ് ഗോയലിനുള്ളത്. പ്രധാനമന്ത്രിയുടെ സെക്രട്ടറി ഭാസ്കര്‍ കുല്‍ബെ വഴി ഗോയലിനെ റോയുടെ തലവനാക്കാമെന്ന് അസ്താന ഉറപ്പ് നല്‍കിയതായും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.