ഉള്‍പ്പോര് രൂക്ഷം; സിബിഐ തലപ്പത്ത് വൻ അഴിച്ചു പണി

Jaihind Webdesk
Wednesday, October 24, 2018

സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി. എന്‍ നാഗേശ്വരറാവുവിന് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നൽകി. രാകേഷ് അസ്താനയെ അവധിയിൽ പോകാനും നിർദേശം നൽകി. സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്‍റെ തുടര്‍ച്ചയായാണ് തീരുമാനം.

ഇന്നലെ ചേര്‍ന്ന അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത് . പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടിട്ടും കടുത്ത നിലപാട് തുടരുന്ന സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്ന അസ്താനയുടെ ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്നറിയിച്ച കോടതി, അതുവരെ അറസ്റ്റ് പാടില്ലെന്നു നിർദേശിച്ചു. അലോക് വർമയ്ക്കെതിരെ വ്യാജമൊഴി നൽകിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞദിവസം ഡിസിപി ദേവേന്ദ്ര കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ 7 ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു.

സിബിഐ ഉന്നതർക്കിടിയിലെ തർക്കം സർക്കാരിനു തലവേദനയായതോടെ പ്രശ്നപരിഹാരത്തിനുള്ള തീവ്രശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. ഒരുപടി കൂടി കടന്ന് അലോക് വർമ അസ്താനയെ സസ്പെൻഡ് ചെയ്തേക്കുമെന്ന സൂചനകളുമുണ്ടായിരുന്നു. തനിക്കും ഡിസിപി ദേവേന്ദ്ര കുമാറിനുമെതിരെ തയാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിനെയും അസ്താന കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സതീഷ് സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്താനയെ ഒന്നാം പ്രതിയാക്കിയും ദേവേന്ദ്ര കുമാറിനെ രണ്ടാം പ്രതിയാക്കിയുമാണു കേസെടുത്തിരിക്കുന്നത്. ഹവാല ഇടപാടിൽ പിടിയിലായ വിവാദ മാംസവ്യാപാരി മൊയിൻ ഖുറേഷിയുമായുള്ള ബന്ധത്തിന്റെ പേരിലാണു അസ്താനയ്ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. കേസന്വേഷണത്തിന്റെ മറവിൽ പണം പിടുങ്ങുന്ന സംഘത്തിൽ അംഗമാണു ദേവേന്ദ്ര കുമാറെന്നു സ്വന്തം ഉദ്യോഗസ്ഥനെക്കുറിച്ചു സിബിഐ കോടതിയിൽ വാദിച്ചു. അസ്താനയ്ക്കെതിരായ കേസിൽ അഴിമതി തടയൽ നിയമത്തിലെ ക്രിമിനൽ ഗൂഢാലോചന കുറ്റത്തിനു പുറമേ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതായും സിബിഐ കോടതിയെ അറിയിച്ചു.