പ്രളയത്തില്‍ നിന്ന് കരകയറിയപ്പോള്‍ ജപ്തി നോട്ടീസ് : ആന്‍ഡ്രൂസിനെ ആത്മഹത്യയിലേക്ക് നയിച്ചത് ജപ്തി ഭീഷണി ; CPM നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ പ്രതിഷേധം

Jaihind News Bureau
Wednesday, January 8, 2020

കണ്ണൂർ കൊളക്കാട് കർഷകൻ ആത്മഹത്യ ചെയ്തത് കടബാധ്യത കാരണമെന്ന് കുടുംബം. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ബാങ്കിനെതിരെ പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് കൊളക്കാട് സ്വദേശി ആൻഡ്രൂസിനെ വീടിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തി വരികയായിരുന്നു ആൻഡ്രൂസ്. പാട്ടത്തുകയ്ക്കായി സി.പി.എം നിയന്ത്രണത്തിലുള്ള  ഇരിട്ടി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും കടമെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ബാങ്കിൽ നിന്നും നോട്ടീസ് വന്നു. ബാങ്കിൽ രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപയിലേറെ തിരിച്ചടവ് ബാക്കിനിൽക്കെയാണ് ആൻഡ്രൂസ് ആത്മഹത്യ ചെയ്തത്.  കഴിഞ്ഞ പ്രളയകാലത്ത് വീട് തകർന്നതിനെ തുടർന്ന് നാട്ടുകാരാണ് ഇവർക്ക് പുതിയ വീട് നിർമിച്ച് നൽകിയത്. ജപ്തിയിൽ ഈ വീട് കൂടി നഷ്ടമാകുമോ എന്ന ആശങ്ക ആൻഡ്രൂസിനുണ്ടായിരുന്നതായും ഭാര്യ പറയുന്നു.

ജപ്തി നടപടികൾ നിർത്തിവെക്കുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടെങ്കിലും സഹകരണ ബാങ്കുകളടക്കം മലയോരത്തെ മിക്ക ബാങ്കുകളും ജപ്തി നടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് നാട്ടുകാർ പറഞ്ഞു. മലയോരത്തെ നിരവധി കർഷകർ ജപ്തി ഭീഷണിയിലാണ്. ബാങ്കുകൾക്കെതിരെ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണിപ്പോള്‍.