കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു; കണിച്ചാർ കൊളക്കാടിലെ കുഴിയാനിമറ്റത്തിൽ ആൻഡ്രൂസാണ് മരിച്ചത്

Jaihind News Bureau
Wednesday, January 8, 2020

കണ്ണൂർ കണിച്ചാർ പഞ്ചായത്തിൽ കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടിലെ കുഴിയാനിമറ്റത്തിൽ ആൻഡ്രൂസിനെയാണ് (55) വീടിനു സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഡിസംബർ 30 മുതൽ ആൻഡ്രൂസിനെ കാണാതായിരുന്നു. ദിവസങ്ങളായി തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച വൈകീട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. പറമ്പിൽ തേങ്ങ ശേഖരിക്കാനെത്തിയ ആദിവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിച്ചു. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം.

റബ്ബർത്തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തി ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹം പാട്ടത്തുകയ്ക്കായി ബാങ്കിൽനിന്നും വ്യക്തികളിൽ നിന്നും കടംവാങ്ങിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.