നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായപ്പോള്‍ നിശബ്ദനായി, ഏറ്റുമുട്ടലിനില്ല; ചാന്‍സിലറായി തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ

Jaihind Webdesk
Tuesday, January 4, 2022

 

കൊച്ചി : ചാൻസിലറായി തുടരാൻ തനിക്ക് താൽപര്യമില്ലെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ നിശബ്ദനായെന്നും ആരുമായും ഏറ്റുമുട്ടലുകള്‍ക്കില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍ ഇത് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല.  ശക്തി തെളിയിക്കാനുള്ള ഇടമല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ. അക്കാദമിക വിഷയങ്ങൾ രാഷ്ട്രീയവത്ക്കരിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

ഡി ലിറ്റ് വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ ആവർത്തിച്ചു. ചാന്‍സിലര്‍ പദവി നല്‍കിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ  എങ്ങനെയാണ് നിയമപരമായ കാര്യങ്ങള്‍ നിർവഹിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. അതിനാല്‍ തന്നെ ഈ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.