വിഴിഞ്ഞത്ത് ആദ്യ കപ്പലടുത്തു; ഉമ്മന്‍ ചാണ്ടി സർക്കാരിന്‍റെ നിശ്ചയദാർഢ്യത്തിന്‍റെ സാക്ഷാത്കാരം

Jaihind Webdesk
Sunday, October 15, 2023

 

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ തീരമണഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും ചേർന്ന് കപ്പലിന് വൻ വരവേല്പ് നൽകി. ചില അന്താരാഷ്ട്ര ലോബികളും വാണിജ്യ ലോബികളും തുറമുഖത്തിനെതിരായി നിലപാട് എടുത്തിരുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിബന്ധങ്ങളും ആരോപണങ്ങളും ഉയർന്നിട്ടും നിശ്ചയദാർഢ്യത്തോടെ ഉമ്മൻ ചാണ്ടി സർക്കാരാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പച്ചക്കൊടി വീശിയതോടെയാണ് ചൈനയിൽ നിന്നും ക്രെയിനുകളുമായി എത്തിയ ഷെൻഷുവ 15 എന്ന ചരക്ക് കപ്പിലിനെ വാട്ടർ സല്യൂട്ട് നൽകി വാർഫിലേക്ക് അടുപ്പിച്ചത്. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ല എന്നതിന്‍റെ തെളിവാണ് പദ്ധതിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നും എന്തെല്ലാം പ്രതിബന്ധങ്ങളും ആരോപണങ്ങളും ഉയർന്നിട്ടും നിശ്ചയദാർഢ്യത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കിയ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാൻ പാടില്ലെന്ന് ചടങ്ങിൽ ആശംസ അർപ്പിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു. വികസനത്തിന്‍റെ പേരിൽ ഇരകളെ സൃഷ്ടിച്ച് ആരെയും വഴിയാധാരമാക്കരുതെന്നും എല്ലാവർക്കും പുനഃരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പോർട്ടിന്‍റെ ശില്പിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ. കരുണാകരനും ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ പദ്ധതിക്കു നൽകിയ സംഭാവനകൾ ആമുഖ പ്രഭാഷണം നടത്തിയ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എടുത്തു കാട്ടി. ലത്തീൻ കത്തോലിക്കാ അതിരൂപത വിട്ടുനിന്ന ചടങ്ങിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ശശിതരൂർ എംപി, കരൺ അദാനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.