എരുവേശ്ശി കള്ളവോട്ട് കേസ് : പ്രതികളായ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായില്ല

കണ്ണൂർ എരുവേശ്ശിയിലെ സി പി എം കള്ളവോട്ട് കേസില്‍ പ്രതികളായ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായില്ല. കുറ്റപത്രം വായിക്കുന്നത് ജൂലൈ മാസം ആറാം തീയതിലേക്ക് ലേക്ക് മാറ്റി.തളിപ്പറമ്പ് ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഏരുവേശി യു പി സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ട് നടന്നു എന്നാണ് കേസ്.സി പി എം പ്രവർത്തകർ വ്യാപകമായി കളളവോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് പരാതി നൽകിയത്. പോളിങ്ങ് ഉദ്യോഗസ്ഥരായ കെ വി അശോക് കുമാർ, സജീവൻ വി കെ, സന്തോഷ് കുമാർ കെ.വി, സുധീപ് എ.സി, ഷജിനേഷ് കെ, എന്നിവരാണ് പ്രതികൾ.

ഗൾഫിലും, മറ്റ് സംസ്ഥാനങ്ങളിലും, പട്ടാളത്തിലും ജോലി ചെയ്യുന്ന 58 പേരുടെ കള്ള വോട്ട് ചെയ്തു. ഇതിനായി പ്രതികൾ സഹായം ചെയ്തു നൽകി എന്ന് കുറ്റപത്രം പറയുന്നു. ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് ബിഎൽഒ ഉൾപ്പടെ 26 പേർക്കെതിരെ പരാതി നൽകിയത്. കുടിയാന്മല പൊലീസ് ആദ്യം കേസ്സെടുക്കാൻ തയ്യാറായില്ലെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

തളിപ്പറമ്പ് ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് ഇന്ന് പരിഗണിച്ചെങ്കിലും പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനാൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കാനായില്ല. കേസ് ജൂലൈ മാസം 6 ന് വീണ്ടും പരിഗണിക്കും. കേസിൽ കള്ളവോട്ട് ചെയ്തവരെ കൂടി പ്രതിയാകുന്നതിനായി നിയമ പോരാട്ടം തുടരുമെന്നും പരാതിക്കാരൻ പറഞ്ഞു..

Comments (0)
Add Comment