ഒരു നുണ നൂറ് തവണ ആവർത്തിച്ചാല്‍ സത്യമാകില്ല; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഇനിയെങ്കിലും പ്രവര്‍ത്തിക്കൂ : കേന്ദ്ര സർക്കാരിനോട് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Tuesday, September 3, 2019

Priyanka Gandhi

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനങ്ങാപ്പാറ നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യം ഇതുവരെ കണ്ടില്ലാത്ത വന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന നുണ കേന്ദ്രസർക്കാർ എത്ര ആവർത്തിച്ചാലും അത് സത്യമാവില്ലെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരില്ല. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന സത്യം അംഗീകരിച്ച് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാകണം.  പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ തലവാചകങ്ങള്‍ തീര്‍ത്ത് എത്രനാള്‍ സർക്കാരിന് മുന്നോട്ട് പോകാനാകും? ’ – പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ ഇത് നിഷേധിക്കുന്ന മോദി സർക്കാരിന്‍റെ സമീപനത്തെ വിമര്‍ശിച്ചാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. തെറ്റായ പ്രസ്താവനകളിലൂടെ യാഥാര്‍ഥ്യത്തെ നിഷേധിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നും പ്രിയങ്കാ ഗാന്ധി ഓര്‍മപ്പെടുത്തി.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മോദി സർക്കാരിന്‍റെ പിടിപ്പുകേട് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തുന്നത്. ധനമന്ത്രി നിർമല സീതാരാമന്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. റിസർവ് ബാങ്കിന്‍റെ കരുതല്‍ ധനവിഹിതത്തില്‍നിന്ന് വിഹിതം പറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമർശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇത് വെടിയേറ്റ മുറിവില്‍ ബാന്‍ഡ് എയ്ഡ് വെക്കുംപോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും അതിനുത്തരവാദി മോദി സര്‍ക്കാരാനെന്നും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും വ്യക്തമാക്കി. അതിവേഗം വളരാനാവുന്നതാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെന്നും പക്ഷെ മോദി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നും ഡോ. മന്‍മോഹന്‍സിംഗ് കുറ്റപ്പെടുത്തി. നോട്ട് നിരോധനവും അശാസ്ത്രീയമായി ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.