കള്ളവോട്ട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

Jaihind Webdesk
Sunday, April 28, 2019

TeekaRam-Meena

കാസർഗോഡ് കള്ളവോട്ട് നടന്നതിന് തെളിവായി കോൺഗ്രസ് വീഡിയോ പുറത്തുവിട്ട സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ ആവശ്യപ്പെട്ടു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയത്. ആരോപണം ശരിയെങ്കിൽ അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

ദൃശ്യത്തിന്‍റെ ഉറവിടവും വിശ്വാസ്യതയും, കള്ളവോട്ട് ചെയ്‌തെന്ന് പുറത്തുവന്ന വിവരങ്ങൾ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ടീകാ റാം മീണ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും. ഉദ്യോഗസ്ഥർ അറിയാതെ കള്ളവോട്ട് നടക്കാൻ സാധ്യത ഇല്ല. കള്ളവോട്ട് നടന്ന ബൂത്തിൽ ഉണ്ടായിരുന്ന ബൂത്ത് ഏജന്‍റുമാരും കുറ്റക്കാരാകും.

കാസർഗോഡ് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ജനപ്രതിനിധികൾ, മുൻപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.