കണ്ണൂരില്‍ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ്

Jaihind Webdesk
Friday, May 10, 2019

TeekaRam-Meena

കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ സ്ഥിരീകരണം. രണ്ടിടത്തുമായി 13 കള്ളവോട്ടുകൾ നടന്നുവെന്നാണ് സ്ഥിരീകരണം. ഇവിടങ്ങളിൽ കള്ളവോട്ട് ചെയ്തവർക്കെതിരെ ക്രിമിനല്‍ കേസും കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാനും മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലും ധർമ്മടത്ത് ബൂത്ത് നമ്പർ 52ലുമാണ് കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീര്‍ ടീകാ റാം മീണ സ്ഥിരീകരിച്ചത്. പാമ്പുരുത്തിയിൽ 12 കള്ളവോട്ടുകളും ധർമ്മടത്ത് ഒരു കള്ളവോട്ടുമാണ് നടന്നത്. പോളിംഗ് സ്‌റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്.

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 171 സി, ഡി, എഫ് വകുപ്പ് പ്രകാരം ക്രിമിനൽ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസര്‍ തുടങ്ങിയ ഫഉദ്യോഗസ്ഥരുടെ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതാണ് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇവർക്കെതിരെയും നടപടി സ്വീകരിക്കും.