പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Jaihind Webdesk
Thursday, May 9, 2019

പോലീസിലെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നു എന്ന കണ്ടെത്തലില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിന് ഡി.ജി.പി നിര്‍ദേശം നല്‍കി. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ഡി.ജി.പി ഉത്തരവിട്ടു.

പോലീസ് ബാലറ്റില്‍ ക്രമക്കേട് നടന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രഥമദൃഷ്ട്യാ ബാലറ്റില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതായും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഡി.ജി.പിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.