തൃശൂരിലെ യുഡിഎഫ് തിളക്കത്തിന് പിന്നില്‍ പ്രവര്‍ത്തകരുടെ കഠിനാധ്വാനം മാത്രം; തദ്ദേശഭരണ – നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിക്കും : ടിഎന്‍ പ്രതാപന്‍

തൃശൂർ ജില്ലയിൽ ചരിത്രത്തിലാദ്യമായാണ് ഒരു തെരഞ്ഞെടുപ്പിൽ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ്‌ സ്ഥാനാർത്ഥികൾ ഭൂരിപക്ഷം നേടുന്നത്. യുഡിഎഫും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും താഴെ തട്ട് മുതല്‍ നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. വരാന്‍ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുമെന്ന് ഡിസിസി പ്രസിഡന്‍റും നിയുക്ത എംപിയുമായ ടിഎന്‍ പ്രതാപന്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 7 നിയമസഭ മണ്ഡലങ്ങള്‍, ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ 3 നിയമസഭമണ്ഡലങ്ങള്‍, ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ 3 നിയമസഭ മണ്ഡലങ്ങൾ എന്നിവിടങ്ങളില്‍ ഒരുമിച്ച് ചരിത്രത്തിലാദ്യമായാണ് യുഡിഎഫ് ഭൂരിപക്ഷം നേടുന്നത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൈപ്പമംഗലം നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ ഭൂരിപക്ഷം നേടി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നുവരുടെ മണ്ഡലത്തില്‍ ടിഎന്‍ പ്രതാപന്‍ ഭൂരിപക്ഷം നേടിയപ്പോള്‍, സഹകരണ മന്ത്രി എസി മൊയ്ദീന്‍റെ മണ്ഡലത്തില്‍ രമ്യ ഹരിദാസും ഭൂരിപക്ഷം നേടി. ജില്ലയിലെ 7 മുനിസിപ്പാലിറ്റികളില്‍ 6 ഇടത്തും തൃശൂര്‍ കോര്‍പറേഷനിലും യുഡിഎഫിന് ഭൂരിപക്ഷം നേടാനായി. 86 ഗ്രാമപഞ്ചായത്തുകളില്‍ 67 പഞ്ചായത്തിലും യുഡിഎഫിനാണ് മുന്‍തൂക്കം. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും, നിയസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയം ആവര്‍ത്തിക്കുമെന്ന് ഡിസിസി പ്രസിഡന്‍റും നിയുക്ത എംപിയുമായ ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

യുഡിഎഫിന്‍റെയും തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും താഴെ തട്ട് മുതലുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ജില്ലയില്‍ ഇത്തരത്തിലൊരു ചരിത്ര വിജയം സമ്മാനിച്ചത്. മുഴുവന്‍ ബൂത്തുകളിലും കമ്മിറ്റി രൂപീകരിക്കുകയും, ബൂത്ത് പ്രസിഡന്‍റുമാര്‍ക്ക് ഐഡി കാര്‍ഡും, ട്രെയിനിംഗും ഉള്‍പ്പടെ നല്‍കുവാനും കഴിഞ്ഞത് ജില്ലയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രധാന പങ്ക് വഹിച്ചു.

thrissurtn prathapan
Comments (0)
Add Comment