താനൂർ കസ്റ്റഡി കൊലപാതകം; പൊലീസുദ്യോഗസ്ഥരെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്

Jaihind Webdesk
Sunday, August 27, 2023

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിൽ പൊലീസുദ്യോഗസ്ഥരെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. പ്രാഥമിക പ്രതി പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. കേസിൽ കൂടുതൽ പോലീസുകാർ പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന

താമിർ ജിഫ്രിയെ ചേളാരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്ത എസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സ്ക്വഡ് അംഗങ്ങളാണ് കസ്റ്റഡി കൊലപാതക കേസിൽ പ്രതികളെന്ന് ക്രൈം ബ്രാഞ്ച്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ CPO ജിനേഷ്,രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ CPO ആൽബിൻ അഗസ്റ്റിൻ,മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ CPO അഭിമന്യു,നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ CPO വിപിൻ എന്നിവരാണ്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ് തങ്ങളെ മർദിച്ചതെന്ന് താമിർ ജിഫ്രിക് ഒപ്പം കസ്റ്റഡിയിൽ എടുത്തവർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ മർദനം മരണ കാരണമായന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊലപാതക കുറ്റമടക്കം 8 വകുപ്പുകൾ ചുമത്തി ക്രൈം ബ്രാഞ്ച് സംഘം പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാഥമിക പ്രതിപ്പട്ടിക സമർപ്പിച്ചത്.

താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് 24 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിപ്പട്ടിക സമർപ്പിക്കുന്നത്. കേസിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കേസിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.