സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തതിന് പിന്നാലെ സർക്കാരിനോട് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ‘ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഇവർ എങ്ങനെ അതിർത്തി കടന്ന് പോയി? ഇന്നലെ വരെ കൊച്ചിയിലെങ്കിൽ കണ്ടെത്താൻ എന്ത് കൊണ്ട് പോലീസ് ശ്രമിച്ചില്ല ? കാണാതായിട്ട് 7 ദിവസമായിട്ടും ഒരു അന്വേഷണ ടീമിനെ പോലും പ്രഖ്യാപിക്കാതെ എന്തിന് ഇന്ന് വരെ കാത്തിരുന്നു ? എന്ത് കൊണ്ട് സ്വപ്‌നയുൾപ്പടെ ഉള്ളവരുടെ കോൾ ലിസ്റ്റോ ലൊക്കേഷനോ പോലും പരിശോധിചില്ല ? ആരാണ് സ്വപ്നയുടെ സംരക്ഷകൻ ?’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനേയും നാലാം പ്രതി സന്ദീപ് നായരേയും ബെംഗളൂരുവില്‍ നിന്നാണ് എന്‍.ഐ.എ പിടികൂടിയത്. ഒളിവിൽപ്പോയി ആറു ദിവസത്തിനു ശേഷമാണ് ഇവർ കസ്റ്റഡിയിലായത്.ബെംഗളുരുവിൽ കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവരെ ഇന്ന് കൊച്ചിയിലെ എൻഐഎ ഓഫിസിലേക്കു കൊണ്ട് വരുമെന്നാണ് വിവരം.