ജാനുവിന് 25 ലക്ഷം കൈമാറി ; സുരേന്ദ്രന് കുരുക്ക് മുറുക്കി പുതിയ ഫോണ്‍ സംഭാഷണം പുറത്ത്

Jaihind Webdesk
Wednesday, June 23, 2021

സികെ ജാനുവിനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്കും (ജെആർപി) പണം നൽകിയതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍.  കെ സുരേന്ദ്രനും ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്തുവന്നു. 25 ലക്ഷം കൂടി ജാനുവിന് നല്‍കാന്‍ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനോട് പറഞ്ഞ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പ്രസീതയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു.

സി.കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയതിന് പുറമെ മറ്റൊരു 25 ലക്ഷം രൂപ കൂടി ബിജെപി നൽകിയതായാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച തെളിവുകള്‍ പ്രസീത ക്രൈം ബ്രാഞ്ചിന് തെളിവ് കൈമാറി. ജാനുവിന് 25 ലക്ഷം രൂപ കൊടുക്കാൻ ബിജെപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷിനെ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ഫോണിൽ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയാണ് പ്രസീത കൈമാറിയത്

‘ഗണേഷ് വിളിച്ചിട്ട് സി.കെ ജാനു തിരിച്ച് വിളിച്ചിട്ടില്ലേ’ എന്ന് ചോദിച്ച് തുടങ്ങുന്ന ശബ്ദരേഖയാണ് പ്രസീത ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ‘ഞാന്‍ ഇന്നലെതന്നെ അത് വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. എങ്ങനെയാണ്, എവിടെയാണ് എത്തേണ്ടത്, എങ്ങനെയാണ് വാങ്ങിക്കുന്നത് എന്ന് ചോദിക്കാന്‍ വേണ്ടിയായിരിക്കും അദ്ദേഹം വിളിച്ചിട്ടുണ്ടാകുക. 25 തരാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആവശ്യത്തിന്. അത് മനസിലായല്ലോ. നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിനുവേണ്ടി 25 തരാന്‍ ഗണേശ് ജിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതു തരും. ബാക്കികാര്യങ്ങള്‍ അവിടത്തെ മണ്ഡലം പാര്‍ട്ടിക്കാരാണ് ചെയ്യുന്നത്. നിങ്ങളുടെ പാര്‍ട്ടിക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ജാനുവിനോട് തിരിച്ചുവിളിക്കാന്‍ പറയൂ’ – ശബ്ദരേഖയില്‍ കെ സുരേന്ദ്രന്‍ പറയുന്നു. ഗണേഷ്  സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയാണെന്നും  സുരേന്ദ്രൻ പറയുന്നുണ്ട്.

മാര്‍ച്ച് 25-നാണ് സുരേന്ദ്രന്‍റെ ഫോണ്‍ വന്നതെന്നും തൊട്ടടുത്ത ദിവസം രാവിലെ ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്നും പ്രസീത മൊഴി നല്‍കിയിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥിയാകാൻ സി.കെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ച് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ മൊഴി എടുത്തത്.