‘ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ’ – പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Jaihind Webdesk
Sunday, May 5, 2019

യൂണിവേഴ്സിറ്റി കോളജില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐയുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെയെന്ന് ആത്മഹത്യാക്കുറിപ്പ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് എസ്.എഫ്.ഐ നേതാക്കളുടെ പങ്ക് സംബന്ധിച്ച  ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വ്യാഴാഴ്ച മുതൽ കാണാതായ വിദ്യാർത്ഥിനിയെ അടുത്ത ദിവസം കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിനകത്തെ പെൺകുട്ടികളുടെ വിശ്രമമുറിയിൽ കണ്ടെത്തുകയായിരുന്നു.

എസ്.എഫ്.ഐക്കാർ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ടെന്നും അടിമകളെപ്പോലെയാണ് തങ്ങളെ കണക്കാക്കുന്നതെന്നും ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഒരുപാട് ആഗ്രഹങ്ങളുമായെത്തിയ തനിക്ക് കോളേജില്‍ നേരിടേണ്ടിവന്നത് എസ്.എഫ്.ഐ നേതാക്കളുടെ നിരന്തരമായ പീഡനമായിരുന്നുവെന്നും ഇക്കാരണത്താല്‍ പരീക്ഷ എഴുതാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായതായും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രിൻസിപ്പലിനോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും തന്‍റെ ആത്മഹത്യയ്ക്ക് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവര്‍ ഉത്തരവാദിയാണെന്നും കുറിപ്പില്‍ പറയുന്നു. ചില എസ്.എഫ്.ഐ നേതാക്കള്‍ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കത്തില്‍ വെളിപ്പെടുത്തുന്നു. അവരെ കാണാൻ ചെന്നില്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന് :

‘‘ഒരുപാടു സ്വപ്നങ്ങളുമായാണ് യൂണിവേഴ്സിറ്റി കോളേജിൽ വന്നത്. കാഴ്ചക്കുറവിന്‍റെ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ച് മികച്ച മാർക്കോടു കൂടി ഇഷ്ടപ്പെട്ട സബ്ജക്ട് സെലക്ട് ചെയ്താണ് കോളജിലെത്തിയത്. പക്ഷേ, കോളജിലുണ്ടായ കാര്യങ്ങളെല്ലാം എന്‍റെ സ്വപ്നങ്ങളെ തകർത്തെറിയുന്നവയായിരുന്നു. എന്‍റെ ആഗ്രഹങ്ങളെല്ലാം തുലഞ്ഞു. അധ്യാപകർ പോലും മനസ്സിലാക്കാത്ത സ്ഥിതിക്ക് എനിക്കിനി ജീവിക്കാൻ താൽപര്യമില്ല. സെക്രട്ടറിയേറ്റ് മാർച്ച് എന്നു പറഞ്ഞ് ശാരീരികാസ്വാസ്ഥ്യമുള്ള സമയത്തു പോലും വെയിലു കൊണ്ട് നടന്നിട്ടുണ്ട്. കരഞ്ഞു പറഞ്ഞിട്ടു പോലും എസ്‌.എഫ്‌.ഐക്കാർ എന്നെ ക്ലാസിലിരിക്കാൻ അനുവദിച്ചില്ല. സമയത്ത് ബസില്ലാത്തതു കാരണം വൈകിട്ട് 3.30 ന് വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ എന്നെ തടഞ്ഞുവെക്കുകയും ചീത്ത പറയുകയും ശരീരത്തിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ക്ലാസില്ലാത്ത കാരണം നേരത്തേ വീട്ടിൽ പോകാനിറങ്ങിയ എന്നെ പോകാൻ അനുവദിക്കാതെ ജാഥയ്ക്കു കൊണ്ടുപോയി. അതു കാരണം പരീക്ഷയ്ക്ക് പഠിക്കാനോ പിറ്റേന്ന് പരീക്ഷ ശരിയായി എഴുതാനോ കഴിഞ്ഞില്ല”.

‘‘എന്‍റെ ഗതി ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്. അമ്മ ഇവരെ വെറുതേ വിടരുത്. എടാ ദുഷ്ടൻമാരെ എന്‍റെ ജീവിതം തകർത്തതിന് നീയൊക്കെ അനുഭവിക്കും. എന്‍റെ ആത്മാവ് പോലും നിങ്ങളെ വെറുതേ വിടില്ല’’ – ഇങ്ങനെ പറഞ്ഞാണ് ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രണയനൈരാശ്യമെന്ന് വരുത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് കത്തിലെ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കുന്നത്.