ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് വിഎം സുധീരൻ

Jaihind Webdesk
Wednesday, January 16, 2019

VM-Sudheeran-Nov30

ശബരിമല വിഷയത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോഡിയെ വിമർശിച്ച് മുൻ കെ.പി.സി പ്രസിഡന്‍റ് വിഎം സുധീരൻ. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുന്ന പ്രധാനമന്ത്രി ഇതുവരെയും അതിന് ശ്രമിക്കാതെ തങ്ങളുടേതാണ് വ്യക്തമായ നിലപാടെന്ന് പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസ്സിലാകുമെന്ന് വി.എം സുധീരൻ പറഞ്ഞു.

പട്ടികജാതിപട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതിവിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നുവന്നതിനെ തുടർന്ന് വളരെ വേഗത്തിൽ തന്നെ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കിയത് എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ ശബരിമലയുടെ കാര്യത്തിൽ അതേരീതിയിൽ നിയമനിർമ്മാണത്തിന് നരേന്ദ്രമോഡി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് വിഎം സുധീരൻ ചോദിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് മോഡിയുടേയും ബി.ജെ.പി. നേതൃത്വത്തിന്റേയും രാഷ്ട്രീയ കാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്ന് നിയമപരമായി ചെയ്യാനുള്ളത് ചെയ്യാതെ കേരളത്തിൽ വന്ന് നരേന്ദ്രമോഡി വീരസ്യം പറയുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്നും വിഎം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.